Monday, 2 May 2011

ബിന്‍ ലാദന്റെ മരണം യു.എസ്‌.പ്രസിഡന്റ്‌ ബറാക്‌ ഒബാമ സ്ഥിരീകരിച്ചു


      






ലാദന്‍ 



                               ബിന്‍ ലാദന്റെ മരണം യു.എസ്‌.പ്രസിഡന്റ്‌ ബറാക്‌ ഒബാമ സ്ഥിരീകരിച്ചു. യു.എസിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ നടത്തിയ സൈനിക ഓപ്പറേഷനിലാണ്‌ ലാദനെ വധിച്ചതെന്ന്‌ ലാദന്റെ മരണം പ്രഖ്യാപിക്കാനായി ഒബാമ വൈറ്റ്‌ ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിഐഎ നടത്തിയ ഓപ്പറേഷനില്‍ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിനടുത്തുള്ള അബോട്ടാബാദിലെ ഒളിത്താവളത്തില്‍വെച്ചാണ്‌ ലാദനെ വധിച്ചത്‌. ലാദന്റെ മൃതദേഹം അമേരിക്കന്‍ സൈന്യത്തിന്റെ കൈവശമുണ്‌ടെന്നും ഒബാമ പറഞ്ഞു. 

ബിന്‍ ലാദനെ പിടികൂടാനുള്ള പ്രത്യേക സൈനിക നടപടിയ്‌ക്ക്‌ കഴിഞ്ഞ ആഴ്‌ചയിലാണ്‌ തുടക്കം കുറിച്ചതെന്ന്‌ ഒബാമ പറഞ്ഞു. സെപ്‌റ്റംബര്‍ 11 ആക്രമണത്തിന്‌ ഇരയായവര്‍ക്ക്‌ ഒരു ദശാബ്ദത്തിനുശേഷം നീതി ലഭിച്ചുവെന്ന്‌ ഒബാമ കൂട്ടിച്ചേര്‍ത്തു. ഭീകരതക്കെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണ്‌ ലാദന്റെ വധമെന്നും ഒബാമ പറഞ്ഞു. 

മാനവികതയ്‌ക്കെതിരായ ആക്രമണത്തിനുള്ള മറുപടിയാണു ഒസാമയുടെ വധം. ഇസ്ലാമുമായല്ല, മനുഷ്യരാശിക്കു നേരെ ആക്രമണം നടത്തുന്നവര്‍ക്കെതിരെയാണ്‌ യുഎസ്‌ യുദ്ധം പ്രഖ്യാപിച്ചതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെയും പാക്കിസ്ഥാന്റെയും ചരിത്രദിനമാണിന്ന്‌. ഭീകരതക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ നല്‍കിയ പിന്തുണയെ അഭിനന്ദിക്കുന്നു. ഇസ്ലാമുമായി ഒരിക്കലും അമേരിക്ക യുദ്ധത്തില്‍ ഏര്‍പ്പെടില്ലെന്നും ഒബാമ വ്യക്തമാക്കി. ലാദന്റെ മരണം സ്ഥിരീകരിച്ചതോടെ യു.എസില്‍ ജനങ്ങള്‍ വൈറ്റ്‌ഹൈസിനു മുന്നില്‍ വിജയാഘോഷം നടത്തി. പതാകയുയര്‍ത്തിയും ആഹ്ലാദാരവങ്ങള്‍ മുഴക്കിയുമാണ്‌ അമേരിക്കന്‍ ജനത ലാദന്റെ മരണം ആഘോഷിക്കുന്നത്‌. 

2001 സെപ്‌റ്റംബര്‍ 11 ന്‌ അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിനു പുറമെ 1998 ല്‍ കെനിയയിലെയും ടാന്‍സാനിയയിലെയും അമേരിക്കന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്കുനേരെ നടന്ന ആക്രമണത്തിനും, 2000 ല്‍ യമനില്‍വച്ച്‌ അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്‌.എസ്‌ കോളിനുനേരെ ഉണ്‌ടായ ബോംബാക്രമണത്തിനും പിന്നില്‍ ബിന്‍ ലാദനാണെന്നാണ്‌ അമേരിക്ക കരുതുന്നത്‌. 

1957 മാര്‍ച്ച്‌ 10ന്‌ സൗദി അറേബ്യയിലെ റിയാദില്‍ ഒരു സമ്പന്ന കുടുംബത്തിലാണ്‌ ഒസാമ ബിന്‍ ലാദന്‍ ജനിച്ചത്‌. സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള വ്യവസായി മുഹമ്മദ്‌ ബിന്‍ അവാദ്‌ ബിന്‍ ലാദന്‍ ആയിരുന്നു ബിന്‍ ലാദന്റെ പിതാവ്‌. 1968 മുതല്‍ 1976 വരെ റിയാദിലെ അല്‍ താഗര്‍ മോഡല്‍ സ്‌കൂളില്‍ പഠിച്ച ലാദന്‍ പിന്നീട്‌ കിംഗ്‌ അബ്ദുള്‍ അസീസ്‌ സര്‍വകലാശാലയില്‍ നിന്ന്‌ സാമ്പത്തികശാസ്‌ത്രത്തിലും ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനിലും ബിരുദം നേടി. 
1979ല്‍ ലാദന്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. എന്നാല്‍ ബിരുദത്തിന്‌ പഠിക്കുമ്പോള്‍ മൂന്നാം വര്‍ഷം ലാദന്‍ കോളേജ്‌ വിട്ടതായും റിപ്പോര്‍ട്ടുകളുണ്‌ട്‌. മതപരമായ കാര്യങ്ങളിലായിരുന്നു പഠിക്കുമ്പോള്‍ ലാദന്‌ താല്‌പര്യം. ഒരു കവി കൂടിയായിരുന്നു വിദ്യാര്‍ത്ഥിയായിരുന്ന ലാദന്‍. 

1974ല്‍ പതിനേഴാമത്തെ വയസ്സിലാണ്‌ ലാദന്‍ ആദ്യഭാര്യയായ നജ്‌വ ഘാനത്തെ വിവാഹം കഴിക്കുന്നത്‌.






ലാദന്‍ വീണത് 40 മിനിറ്റ് ഓപ്പറേഷനില്‍





അല്‍-ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ 40 മിനിറ്റ് നീണ്ട സൈനിക നടപടിക്ക് ഒടുവിലാണ് വധിച്ചതെന്ന് റിപ്പോര്‍ട്ട്. ലാദന്‍ തലയ്ക്ക് വെടിയേറ്റാണ് മരിച്ചതെന്നും ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വന്ന അനൌദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ലാദന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടത് ലാദന്‍ അല്ല എന്ന അവകാശവാദവുമായി അല്‍-ക്വൊയ്ദയോ മറ്റ് ഭീകര സംഘടനകളോ രംഗത്ത് വന്നിട്ടില്ല.

ഓഗസ്റ്റില്‍ തന്നെ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമബാദിലെ ലാദന്റെ ഒളിസങ്കേതത്തെ കുറിച്ച് യുഎസിന് വിവരം ലഭിച്ചിട്ടുണ്ടായിരുന്നു. ഇക്കാര്യം, യുഎസ് പാകിസ്ഥാനുമായി പോലും പങ്കുവച്ചിരുന്നില്ല. അവസാന ഓപ്പറേഷനും യുഎസ് സൈന്യം നേരിട്ടാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് യുഎസ് ഹെലികോപ്ടറുകളാണ് സൈനിക നടപടികളില്‍ പങ്കെടുത്തത്. അമേരിക്കന്‍ ആക്രമണത്തില്‍ ലാദനും മറ്റ് മൂന്ന് പുരുഷന്‍‌മാരും ഒരു വനിതയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലാദന്റെ രണ്ട് ഭാര്യമാരെയും മക്കളെയും നാല് അനുയായികളെയും യുഎസ് സൈന്യം അറസ്റ്റ് ചെയ്തു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഓപ്പറേഷനില്‍ ഒരു ഹെലികോപ്ടറിന് കേടുപറ്റി. എന്നാല്‍, യുഎസ് സൈനികര്‍ക്ക് ആര്‍ക്കും പരുക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. 


No comments:

Post a Comment